Tuesday, May 5, 2009

എന്‍റെ കിറുക്കുകള്‍.. തുടര്‍ച്ച..(2)

എന്‍റെ കിറുക്കുകള്‍.. തുടര്‍ച്ച..(2)

ആപേക്ഷികതയെ കുറിച്ചു തന്നെയാവാം.. (ആപേക്ഷികതാ സിദ്ധാന്തം കണ്ടു പിടിച്ച മഹാന് സ്തുതി..!)
ഹോ.. ഒഴിവു കഴിവുകളുടെ ഒരു അപൂര്‍വ സിദ്ധാന്തം.. ഈ ലോകത്തില്‍ എല്ലാം... എല്ലാം ആപേക്ഷികം ആണെന്ന് വിശ്വസിക്കാന്‍ തന്നെയാണ് എനിക്കിഷ്ടം..
എന്നെ സംബന്ധ്ധിച്ചിടത്തോളം ഞാന്‍ നില്‍ക്കുമ്പോള്‍ ഭൂമി നിശ്ചലം തന്നെയാണ്.. അന്യ ഗ്രഹങ്ങളെ, സൂര്യനെ സംബന്ധിച്ച്, അത് ചലിച്ചു കൊണ്ടേയിരിക്കുന്നു.. നമ്മള്‍ പറയുന്നു, ഭൂമി സൂര്യനെ ചുറ്റി വരുന്നു എന്ന്.. ആകാശ ഗംഗയെ സംബന്ധിച്ച് സൂര്യനും കറങ്ങുന്നു എന്ന്... ഹോ.... മൊത്തത്തില്‍ കറങ്ങുന്നു..

ഇവിടെ, മരിച്ചു പോകുന്നവര്‍ ഒരുപാട് ഉള്ളത് കൊണ്ടാണ് നമ്മള്‍ ജീവിച്ചിരിക്കുന്നു എന്ന് നമ്മള്‍ പറയുന്നത്... അല്ലേ..??
അല്ലെങ്കില്‍, ജീവിച്ചിരിക്കുന്നവര്‍ ഉള്ളത് കൊണ്ടാവണം ആരെങ്കിലും മരിച്ചു പോയെന്ന് നമ്മള്‍ പറയുന്നത്..

ഞാനോ നീയോ...
ആരൊക്കെ ജീവിക്കുന്നു..??? മരിക്കുന്നു...????
ഞാനില്ലെങ്കില്‍ നീ ഏതാണ്..? നീ ഇല്ല എങ്കില്‍ ഞാന്‍ ഏതാണ്?

വീണ്ടും തല കറങ്ങുന്നു എനിക്ക് .. (അതോ മറ്റെല്ലാം കറങ്ങുക ആണോ...??!!)

നമ്മള്‍ ജീവിക്കുന്നു എന്നതിന് എന്താണ് ഉറപ്പ്..??
പലപ്പോഴും നമ്മള്‍ മരിച്ചിരിക്കുന്നു എന്ന് നമ്മള്‍ക്ക് തന്നെ തോന്നാന്‍ എന്തേ കാരണം..??

എന്തിനു പ്രണയത്തെ മാത്രം മാറ്റി നിര്‍ത്തണം..??
നീ എന്നെ ഒരുപാട് പ്രണയിക്കുന്നു എന്ന് പറയുമ്പോഴും നീ പോലുമറിയാതെ എന്തൊക്കെയോ എന്നില്‍ വെറുക്കുന്നില്ലേ നീ...? (ഞാനും..?!)
അതേ പോലെ നീ എന്നെ വെറുക്കുന്നു എന്ന് പറയുമ്പോഴും എനിക്കറിയാം, എന്തൊക്കെയോ നീ ഇഷ്ടപ്പെടുന്നും ഉണ്ടെന്ന്...!!

വേവുന്ന വെയിലില്‍ നിന്‍റെ കണ്ണില്‍ നോക്കി ഞാന്‍ പറഞ്ഞിരിക്കും എന്‍റെ മനസ്സ് തണുക്കുന്നു എന്ന്.. അപ്പോഴും എനിക്കറിയാം ആരെങ്കിലും ഒക്കെ എനിക്കായി എവിടെയൊക്കെയോ വേവുന്നുണ്ടാവും എന്ന്..
നിന്‍റെ ചൂടിനോട്‌ ഒട്ടി നില്‍ക്കുമ്പോള്‍ സത്യമായും ഞാന്‍ തണുത്തു മരച്ചു പോയിട്ടുണ്ട്.. സത്യം..!!

സത്യം എന്ന് പറയുന്നത് തന്നെ ഒരു വലിയ കള്ളം തന്നെ അല്ലേ നിനക്ക്..??
അതും ആപേക്ഷികം.. എന്‍റെ സത്യങ്ങളും ശരികളും എന്നും..
എന്നും നിനക്ക് കള്ളങ്ങളോ തെറ്റുകളോ ഒക്കെ ആയിരുന്നു..(എനിക്ക് തിരിച്ചും..!!)

അത് കൊണ്ട് തന്നെയാവാം പ്രണയം ഒരു പച്ച്ചക്കള്ളമെന്നു നീയും ഒരു വലിയ സത്യം എന്ന് ഞാനും വിശ്വസിച്ച് പോരുന്നത്... വിചിത്രം തന്നെ അല്ലേ...??

വസ്തുതകള്‍ എന്നും വിചിത്രമായത് തന്നെ..
എനിക്ക് വട്ടാണെന്ന് നിങ്ങളില്‍ പലരും ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാകും, അല്ലേ?
അതെന്തു കൊണ്ടു തിരിച്ചു ചിന്തിച്ചു കൂടാ..??
അല്ലെങ്കിലും, ഒരുപാട് ഭ്രാന്തന്മാര്‍ ഈ ലോകത്ത് ഉള്ളത് കൊണ്ടു മാത്രമല്ലേ കുറേ പേരെങ്കിലും ഭ്രാന്തില്ല എന്ന് വിശ്വസിച്ചു ജീവിച്ചു പോകുന്നത്...?! (അതോ, മരിച്ചു പോകുന്നത്...!!)
അങ്ങനെ അങ്ങനെ അങ്ങനെ................................


(വീണ്ടും തുടര്‍ന്നേക്കാം ഈ കിറുക്കുകള്‍...!!)

കുറച്ചു വലിയ കുട്ടിക്കഥകള്‍...(??!!)


ഉറക്കം..!!

ആയിരത്തി രണ്ടാമത്തെ രാത്രി, അവളോട്‌ ചേര്‍ന്ന് കിടന്നു ഷഹരിയാര്‍ ചോദിച്ചു...
" ഷഹറാസാദ്., ഒന്ന് ഉറങ്ങണ്ടേ നിനക്ക്...?"
നിശ്ചലമായ ഒരു നോട്ടത്തില്‍ അവള്‍ എല്ലാം ഒതുക്കി...
അവളുടെ കണ്ണുകളുടെ ആഴം തന്നെ വിഴുങ്ങിയേക്കും എന്ന് ഭയന്ന്
കണ്ണുകള്‍ ഇറുകെയടച്ച് ഷഹരിയാര്‍ തിരിഞ്ഞ് കിടന്നു...

_____________________________

മരുന്ന്..!

എല്ലാവരും വിളിച്ചു പറഞ്ഞു..
"അവളെ അകറ്റൂ.. അവള്‍ക്കു ദംഷ്ട്രകള്‍ വളര്‍ന്നിരിക്കുന്നു..."

ഒരിക്കല്‍ അവന്‍ അവളോട്‌ ചോദിച്ചു..
" നിന്നെ ഞാനൊന്ന് ചുംബിച്ചോട്ടേ...?"

"വേണ്ട.. എന്‍റെ ഈ പല്ലുകള്‍ നിന്നെ മുറിച് ചേക്കും..!" അവള്‍ ഒഴിഞ്ഞു..

" ഈ മുഖം.. ഇതിനി എവിടെയാണ് മുറിയാന്‍ ബാക്കിയുള്ളത്?
എന്‍റെ പെണ്ണേ,
ഈ മൂര്‍ച്ച ... അതിനായിരുന്നില്ലേ ഞാന്‍.........."

നനഞ്ഞ കണ്ണുകളോടെ തന്‍റെ ദംഷ്ട്രകള്‍ അവന്‍റെ മുറിവുകളില്‍ ആഴ്ത്തി അവള്‍
മുറിവുണക്കാന്‍ തുടങ്ങി.......

__________________________________

അധികം...!!

അവസാനം അവളോട്‌ അവന്‍ പറഞ്ഞു...

" ഹൃദയം ഇല്ലാത്തവള്‍..! നമുക്ക് പിരിയാം..."

പിന്നീട് എപ്പോഴോ കടുത്ത നെഞ്ചു വേദന വന്നപ്പോഴാണ്
അവന്‍ അറിഞ്ഞത്, അവന്‌ രണ്ടു ഹൃദയം ഉണ്ടെന്നത്...

തിരഞ്ഞിട്ടും തിരഞ്ഞിട്ടും അവളെ കാണാതെ, അധികം വന്ന ഹൃദയം അവന്‍
എവിടേയ്ക്കോ എറിഞ്ഞു കളഞ്ഞു...

ഒടുവില്‍, വെള്ളം ഒഴിക്കാത്ത രണ്ടു പെഗ്ഗില്‍ നാല് വരി കവിതയും എഴുതി...

_______________________________

സ്വയംഭൂ...!!

വേലിക്ക് അപ്പുറത്തു നിന്നും ഒരു ടോര്‍ച്ചു വെളിച്ചം
എന്നും മേരിയെ വിളിച്ചു കൊണ്ടിരുന്നു...
അങ്ങനെ, മേരിക്കും ദിവ്യ ഗര്‍ഭം ലഭിച്ചു..
പിറന്ന പയ്യന്‍ താന്തോന്നിയായി വളര്‍ന്നു...
മേടകളില്‍ ഇരുന്നവരെ അവന്‍ പുലഭ്യം പറഞ്ഞു..
തന്ത ഇല്ലാത്തവന്‍ എന്ന് എല്ലാരും അവനെ കല്ലെറിഞ്ഞു കൊണ്ടിരുന്നു..

ഒരിക്കല്‍, അതേ ടോര്‍ച്ചു വെളിച്ചം അവളെ വീണ്ടും വന്നു വിളിച്ചു..
"മേരീ.."
" ഓ.. എന്‍റെ ജീവിതം സഫലമായി..."
" ത്ഫൂ... പെഴച്ചവള്‍.. !!"
വെളിച്ചം, വേലി കടന്നു അകന്നു മറഞ്ഞു...

എന്‍റെ കിറുക്കുകള്‍...(1)


തിരക്കുകള്‍.., വലിയ വലിയ രക്ഷപ്പെടലുകലാണ്....
പിന്‍ തുടര്‍നെത്തുന്ന നിഴലുകളില്‍ നിന്നും കണ്ണുകള്‍ ഇറുകെയടച്ചു ഒരൊളിച്ചോട്ടം....
ഒരുപക്ഷെ ,
ഓര്‍ത്തെടുക്കാനാവാത്ത ഏതോ അവ്യക്ത ഭീകര സ്വപ്നം പോലെ ,
എങ്ങെങ്ങും എത്താത്ത കിതച്ച ഓട്ടങ്ങള്‍ .....

നിനക്ക് എങ്ങനെയാവുമെന്നു എനിക്കറിയില്ല.....
എന്നെ ,
ഏകാന്തത ഭയപ്പെടുത്തുന്നത്‌ പോലെ ,
ഒന്നും .... മറ്റൊന്നും ഭയപ്പെടുത്തുന്നില്ല ...

അതുകൊണ്ടാവാം ,
നഗരത്തിനു മീതെയിരുന്നു അപരിചിതമായ ഏറെയേറെ മുഖങ്ങളിലേക്ക്
വെറുതെ നോക്കിയിരിക്കാന്‍ എനിക്കിഷ്ടം ..

(ഒരു പക്ഷെ , പരിചയങ്ങളില്‍ നിന്നും വിദഗ്ദമായി വഴുകി ഒഴുകുന്നത്‌ പോലെ ..)
ഏകാന്തതയാണ് എനിക്കിഷ്ടമെന്ന് നിങ്ങള്‍ പറയുകയാണെങ്കില്‍ ...,
സുഹൃത്തേ , നിങ്ങള്‍ ഒരിക്കലും...
ഒരിക്കല്‍ പോലും അതിനെ അറിഞ്ഞിട്ടില്ല എന്ന് ഞാന്‍ പറയും....

നോക്കൂ.... അറിഞ്ഞറിഞ്ഞ് വരുമ്പോള്‍ നിങ്ങള്‍
അതിനെ വെറുത്തു തുടങ്ങും....

സത്യത്തില്‍ , നമുക്കു അറിയാത്തതിനെയല്ലേ , നാം സ്നേഹിക്കുന്നത് ..?
അറിഞ്ഞറിഞ്ഞ് വരുമ്പോള്‍ പലതും നമുക്ക് ഭയങ്ങള്‍ ആവും അവശേഷിപ്പിക്കുക......

ആരാണ് ഭയന്ന് മാത്രം ഇരിക്കാന്‍ ഇഷ്ടപ്പെടുക......???

എകാന്തതയിലാണ് ചിന്തകള്‍ ജന്മമെടുക്കുന്നത്..
ഒരു വലിയ മരത്തിലൂടെ ഉറുമ്പ് സഞ്ചരിക്കുന്ന പോലെയാണ് ചിന്തകള്‍..
തായ് വേരില്‍ നിന്നും തുടങ്ങി തടിയിലൂടെ ഇഴഞ്ഞിഴഞ്ഞ്...
പിന്നീട് ശാഖകളിലൂടെ ചില്ലകളിലേക്ക്‌... അവിടെ നിന്നും ഇല തുമ്പുകളിലേക്ക്....
അവിടെ യാത്ര അവസാനിക്കുമ്പോള്‍ തിരികെ വീണ്ടും മറ്റൊരു ചില്ല, ഇല, ശാഖ, അങ്ങനെയങ്ങനെ...
ഒടുവില്‍ മെഗലന്‍ ഭൂമി ചുറ്റി വന്ന പോലെ തായ് വേരില്‍ തന്നെ ഒടുക്കം...
വീണ്ടും ഉന്മാദത്തിന്റെ വേലിയേറ്റം...
നിങ്ങള്‍ തന്നെ പറയുക.. എങ്ങനെയാണ് ഭ്രാന്തു പിടിക്കാതിരിക്കുക.....!!!!

(തുടര്‍ന്നേക്കാം ഈ കിറുക്കുകള്‍..)

സമവാക്യം ...!!!


പ്രണയത്തിന്‍റെ പാരമ്യത്തില്‍ അവന്‍ പറഞ്ഞു..

"എനിക്ക് നിന്‍റെ ഹൃദയം മാത്രം മതി..."

അതുകൊണ്ട് അവള്‍ ശരീരം മാത്രം മതി എന്ന് പറഞ്ഞവന് ശരീരം കൊടുത്തു...

തിരിച്ചെത്തിയപ്പോള്‍ അവള്‍ അവന്‌ ഹൃദയം എടുത്തു കൊടുത്തു...

"ത്ഫൂ...

ശരീരമില്ലാത്ത നിന്‍റെ ഹൃദയം ആര്‍ക്കു വേണം..,.?!"

നിലത്ത്‌ ആഞ്ഞു തൊഴിച്ചു അവന്‍ കടന്നു പോയി....

അവള്‍, ഉറക്കെയുറക്കെ ചിരിച്ചു...

രാജ കുമാരന്മാര്‍ ഇല്ലാത്ത കഥകള്‍...!!!

കുഞ്ഞുമോള്‍ പിന്നെയും ചിണുങ്ങി..

"ഒരു കഥ പറഞു താ..."

"" ഉം.. ഒരിടത്ത് ഒരിടത്ത് ഒരിക്കല്‍ ഒരു രാജകുമാരി ഉണ്ടായിരുന്നു..
സുന്ദരിയും ബുദ്ധിമതിയും സുശീലയുമായ ഒരു കുമാരി..
ഒരുപാട് പേര്‍ അവളെ മോഹിച്ചു...
ഒരിക്കല്‍ ഒരു രാക്ഷസന്‍ അവളെ തട്ടി കൊണ്ടുപോയി..
...
ധീരനും സുന്ദരനുമായ രാജകുമാരന്‍ അവളെ തേടിയിറങ്ങി...

ഒടുവില്‍, രാക്ഷസനുമായുള്ള ഏറ്റുമുട്ടലില്‍ രാജകുമാരന്‍ കൊല്ലപ്പെട്ടു...
പാവം .... രാജകുമാരന്‍....."


"എന്നിട്ട്.. എന്നിട്ടാ രാജകുമാരിക്ക് എന്ത് പട്ടി അമ്മേ...??"


"അത്... അത്... അമ്മയ്ക്ക് അറിയില്ല മോളൂ...
ആരും പറഞ്ഞു വെച്ചിട്ടില്ല,
രാജകുമാരന്മാര്‍ ഇല്ലാത്ത കഥകള്‍....."

കടല്‍ കാണാത്ത പെണ്‍കുട്ടി

കടലു കാണാത്ത പെണ്‍കുട്ടിയുടെ കാതോട് ഒരു ശംഖ് ചേര്‍ത്ത് വെച്ച് അവന്‍ പറഞ്ഞു...
"നോക്കൂ... നിനക്ക് അറിയില്ലേ ഇതാണ് കടല്‍.. കേട്ട് നോക്ക്....!!"

തനിക്കു കിട്ടിയ കടല്‍ അവള്‍ മാറോടു ചേര്‍ത്തു..
പക്ഷെ,
ഒരു ഉറക്കത്തിന് ഒടുവില്‍ എപ്പോഴോ
കടല്‍ നുറുങ്ങി പരന്ന് നിലത്തെ വിഴുങ്ങിയിരുന്നു...

Wednesday, March 25, 2009

What to say...............???

I am always like this...... What to tell now...????