Tuesday, May 5, 2009

മിട്ടായി കൊണ്ടുവരുന്ന കൂട്ടുകാരന്‍..

മിട്ടായി കൊണ്ടുവരുന്ന കൂട്ടുകാരന്‍..


എന്നെക്കുറിച്ചു പറയാനിപ്പോ എന്താ... അങ്ങനെ കാര്യായിറ്റൊന്നൂല്ല.. പിന്നെ ഇത്തിരി, അല്ല ഒത്തിരി തന്നെ വായാടിയാ.. ഇവിടെ ചുമ്മാ ഇരിക്കുമ്പോ പ്രാന്ത് പിടിക്കും.. എന്നാപ്പിന്നെ പുറത്തെറങ്ങി ആരുടേലും കൂടെ കളിക്കാന്നു വെച്ചാ അതും അമ്മ സമ്മതിക്കൂല..
വെറുത്യല്ല എനിക്ക് അമ്മയോട് ദേഷ്യം വരുന്നേ .. അപ്പൊ തന്നെ തോന്നും പാവല്ലേ എന്ന്..
അമ്മേം ഞങ്ങടെ സൂസി പൂച്ചേം ഒരുപോലെയാ.. കരുവാളിച്ച്‌, ആരോടും മിണ്ടാട്ടമില്ലാതെ അടുക്കളയിലും തിണ്ണയിലും പിറകിലത്തെ വരാന്തേലും അങ്ങനെ അലഞ്ഞു നടക്കും... രണ്ടു പേരും ഇട്ടു ചാടിക്കുന്നതോ എന്നെയും..!
അച്ഛന്റെ തലവെട്ടം കണ്ടാമതി രണ്ടുപേരും അടുക്കളെടെ മൂലയ്ക്കു പോകാന്‍..
അച്ഛനോ...? അയ്യോ, സത്യം പറഞ്ഞാ ഉറക്കെ പറയാന്‍ പോലും എനിക്ക് പേടി ആണുട്ടോ...
എപ്പഴാ അച്ഛന്റെ ദേഷ്യം കത്തിക്കേറി പിടിയ്ക്കാ എന്ന് പറയാന്‍ പറ്റൂല.. ഒരു ചോക്ലേറ്റ്‌ പോലും വാങ്ങി തരൂല..
എന്നെ കാണുന്നതെ ഇഷ്ടല്ലാ എന്ന് തോന്നുന്നു..
എന്തിനാ.. അമ്മയോട് പോലും അങ്ങനെ മിണ്ടുന്നത് ഞാന്‍ കണ്ടിട്ടില്ല.. എപ്പോഴും ഉരുളക്കിഴങ്ങ് വായിലിട്ട പോലെ... ഹും..
വീട്ടീ വരണത് തന്നെ വല്ലപ്പോഴും.. വന്നാ എപ്പോഴും ഫോണിന്റെ ചോട്ടില് കുത്തിയിരിപ്പാ.. ആ കുന്ത്രാണ്ടം കയ്യീ വെച്ചോണ്ടിരിക്കുമ്പോഴാ ഒന്ന് ചിരിച്ചു കാണാറുള്ളത്.. എവിടെയോ പഠിച്ചതാ ഗ്രഹാം ബെല്ലുന്നു ഒരുത്തന്‍ കണ്ടു പിടിച്ചതാ ഈ സാധനം എന്ന്..
പലപ്പഴും ആ പൊട്ടിച്ചിരി കേക്കുമ്പോ തോന്നാറുണ്ട് ആ ബെല്ലെങ്ങാന്‍ എന്റെ കയ്യീ കിട്ടിയാ തല്ലി പൊട്ടിക്കണം എന്ന്... ഹും...! അപ്പോഴും പിന്നാമ്പുറത്തെ വരാന്തേല്‍ എവിടേലും മിണ്ടാതെ പമ്മി നടക്കുന്നുണ്ടാവും അമ്മ..

എന്റെ കൂട്ട് എന്ന് പറയാന്‍ എനിക്ക് വേറെന്താ... ഓ വിട്ടു.. ഈ കഥാ പുസ്തകങ്ങള്.. പിന്നെ ഈ ടീവീ എന്ന് പറയുന്ന കുന്ത്രാണ്ടം.. (ആരോടും പറയണ്ടാ...ചുമ്മാ ഇരിക്കുന്നു എന്നേയുള്ളു...അത് വര്‍ക്കാവൂല..)
വീട്ടീ വരുന്ന അച്ഛന്റെ സുഹൃത്തുക്കള്‍ എന്തെടാ ഇത്രേം സമ്പാദിച്ചു കൂട്ടീട്ടു ഒരു ടീവീ പോലുമില്ലേ എന്ന് ചോദിക്കണ്ടാന്നു കരുതി പുതപ്പിച്ചു വെച്ചതാ.. കേടായി എന്നൊരിക്കല്‍ ഞാന്‍ പറഞ്ഞതാ. അന്നെന്താ പറഞ്ഞത് എന്നറിയോ..? അതൊക്കെ മതി, അധികം കണ്ടാ വഷളായിപ്പോകും എന്ന്.. പിന്നെ ഞാനൊന്നും ചോദിക്കാന്‍ പോയിട്ടില്ലേ... എന്തിനാ വെറുതെ അടി ഇരന്നു വാങ്ങുന്നേ, അല്ലെ...?

അയ്യോ, ഒരു കാര്യം പറയാന്‍ വിട്ടു പോയീട്ടോ.. എന്റെ ബെസ്റ്റ് ഫ്രെണ്ടിനെ കുറിച്ച്.. അമ്മ കേട്ടാല്‍ അപ്പൊ തുടങ്ങും വഴക്ക് പറയാന്‍.. അതോണ്ടാ എനിക്ക് ഉറക്കെ പറയാന്‍ മടി.. അയാള് വന്നൂ എന്ന് പറയുന്നത് തന്നെ അമ്മയ്ക്ക് ഇഷ്ടല്ല.. അപ്പൊ തൊടങ്ങും ആരെയൊക്കെയോ പ്രാകാന്‍..
കളിക്കാനോ വിടൂല, എന്നാപ്പിന്നെ ഇങ്ങോട്ട് വരുന്നോരോട് എന്തേലും മിണ്ടാനും പറയാനും പോയാ അതും കുറ്റം.
അമ്മ എന്ത് പറഞ്ഞാലും അയാളെ എനിക്കിഷ്ടാ.. എപ്പഴാ വരികാ എന്നൊന്നും പറയാന്‍ പറ്റൂല.. ചെലപ്പോ ഇടയ്ക്കിടെ വരാറുണ്ട്‌.. പിന്നെ കുറെ നാളത്തേക്ക് വന്നെന്നും വരൂലാ.. അതങ്ങനെയൊരു സാധനം..
എന്നാലും കുറ്റം പറയരുത് ട്ടോ.. എനിക്ക് വല്ലാതെ സങ്ങടം വരുമ്പോ, ഒറ്റയ്ക്കിരുന്നു കരയാനൊക്കെ തോന്നുമ്പോ എവിടെ നിന്നാ എന്നറിയില്ല പൊട്ടിവീണപോലെ വന്നു നില്‍ക്കുന്നെ... എന്തൊക്കെയോ കുറെ കഥകളൊക്കെ പറഞ്ഞു തരും.. തമാശ പറയും..
അതൊന്നും അല്ലാട്ടോ സ്പെഷ്യല്‍.. നല്ല മിട്ടായി കൊണ്ടന്നു തരും.. പുളിപ്പോ മധുരമോ കയ്പ്പോ എരിവോ.. എല്ലാം കൂടെ ചേര്‍ന്ന ഒരു വല്ലാത്ത രസാ അത്.. പിന്നേം പിന്നേം തിന്നണം എന്ന് തോന്നും.. (അമ്മ പറഞ്ഞത് കുട്ട്യോളെ മയക്കി കൊണ്ടാവാന്‍ വരുന്നതാ എന്ന്..!! ഏയ്.. നല്ല അങ്കിള്‍ ആണുട്ടോ..)
അത് നുണഞ്ഞും കൊണ്ട് അടുക്കളേല്‍ കറങ്ങി നടന്നതിനു കിട്ടിയതാ ദേ ഇത്.. കണ്ടില്ലേ നീലിച്ചിരിക്കുന്നെ..
നുള്ളിയതാ എന്റെ ദുഷ്ടത്തി അമ്മ..
കൂട്ടത്തില്‍ ഒരു താക്കീതും കിട്ടി, ഇനി മേലാല്‍ അത്തരക്കാരോട് കൂട്ട് കൂടരുത്‌ എന്ന്..
ഞാന്‍ ഒരുപാട് പറഞ്ഞു നോക്കിയതാ അയാള് നല്ല തമാശ പറയും, കഥ പറയും എന്നെല്ലാം.. ഒരു മിട്ടായീം കാണിച്ചു കൊടുത്തു.. കുരുത്തക്കേടിനു ഞാനൊന്ന് ചോദിക്കേം ചെയ്തു വേണോ എന്ന്..
അന്നാണ് അന്ത്യ ശാസനം കിട്ടിയേ.. ഇനി മേലാല്‍ അയാളെക്കുറിച്ച് പറഞ്ഞു പോകരുത് എന്ന്.. ഇനീം മിണ്ടിപ്പോയാല്‍ ചട്ടുകം ചൂടാക്കി തുടയില് വെക്കും എന്ന്..
ഇപ്പൊ അതോണ്ട് എനിക്ക് പേടിയാ അമ്മയോട് പറയാന്‍..
(ന്നാലും പാത്തും പതുങ്ങീം ഞാന്‍ കാണാറുണ്ട്‌ ട്ടോ.. മിണ്ടുകേം ചെയ്യും.. മിട്ടായി ഒക്കെ എന്റെ പെന്‍സില്‍ ബോക്സില്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്.. എല്ലാരും ഉറങ്ങുമ്പോ ആരും കാണാതെ എടുത്തു കഴിക്കാലോ.. പറയല്ലേ..)

ആരോടും പറയില്ലേല്‍ ഒരു സ്വകാര്യം പറയാം ട്ടോ. ഉറപ്പാണേ, പറയില്ലല്ലോ..?
രണ്ടു ദീസം മുന്പാ..ഞാന്‍ പുസ്തകോം വായിച്ചു കഴിഞ്ഞു എല്ലാരും ഉറങ്ങാന്‍ വേണ്ടി കള്ളയുറക്കം നടിച്ചു കെടക്കുമ്പോ അമ്മ എന്റെ പുസ്തകോം ബാഗുമൊക്കെ വലിച്ചിട്ടു എന്തോ തിരയുവാ ..
ഞാന്‍ എണീറ്റപ്പോ എന്നേം കെട്ടിപ്പിടിച്ചു ഒറ്റ കരച്ചിലായിരുന്നു.. അത്രേം ഉറക്കെയെല്ലാം അമ്മയ്ക്ക് കരയാന്‍ കഴിയും എന്ന് സത്യായിട്ടും എനിക്ക് അന്നാ മനസ്സിലായെ.. സത്യം പറഞ്ഞാ എനിക്കും വല്ലാതെ സങ്കടോം കരച്ചിലും ഒക്കെ വന്നു..
അപ്പൊ അമ്മ ചോദിയ്ക്കാ, മോള്‍ക്ക്‌ അയാള് എന്തൊക്കെ കഥയാ പറഞ്ഞുതരാറുള്ളത് എന്ന്.. അമ്മയ്ക്കും ഒരു മിട്ടായി കൊടുക്കുവോ എന്ന്..
സത്യായിട്ടും, എനിക്കറിയില്ലായിരുന്നു എന്താ പറയണ്ടേ എന്ന്....

പേരിടാനാവാത്ത ഒരു കഥ..

തെക്കോട്ടു ഒരു വണ്ടി കൂടെ പോയി.

"രാമകൃഷ്ണാ, നേരം പതിനൊന്നര കഴിഞ്ഞു.. ഞാന്‍ വീട്ടീ പോകാന്‍ നോക്കാ.. കുട്ട്യോളും കെട്ട്യോളും കാത്തിരിക്കുന്നുണ്ടാവും.. അല്ല, ഇതെല്ലാം നിന്നോട് പറഞ്ഞിട്ടെന്താ.. വയസ്സ് പത്തു മുപ്പത്തി നാലായെങ്കിലും പെണ്ണും കെട്ടാതെ... ഹും...."

"സാറേ, സാറ് പോവാന്‍ നോക്കിക്കോളൂ.. എനിക്ക് ആഗ്രഹം ഒന്നും ഇല്ലാഞ്ഞിട്ടല്ല.. പെങ്ങമ്മാരു രണ്ടാ.. ഒന്നിനെ കെട്ടിച്ചയച്ചതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല.. ഇനി ഒരാള്‍ കൂടെ.. വയസ്സൊക്കെ ആയി.. എന്തോ നേരം പോക്കാന്‍ ടൌണില്‍ ഒരു ചെറിയ ജോലീണ്ട്.. തട്ടിമുട്ടി കഴിഞ്ഞു പോകാന്‍.. ആഴ്ചയില്‍ ഒരിക്കല്‍ വീട്ടീ വന്നാലായി... ഞാന്‍ പറയുന്നത് സാറിനും മനസ്സിലാകണം എന്നില്ല.. സാറ് വൈകിക്കണ്ട."

"പിന്നെ, നിനക്ക് പേടിയുണ്ടോ..? ആ വിനോദ് വരാം എന്ന് പറഞ്ഞിട്ട്.. വല്ല ബാറിലും കെടക്കുന്നുണ്ടാവും.. ഈ പോക്ക് പോയാ ഞാന്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യേണ്ടി വരും... "

"അവന്‍ വന്നില്ലേലും ഞാന്‍ നിന്നോളാം സാര്‍.. ആദ്യമായിട്ടൊന്നും അല്ലല്ലോ ഇത്.. ഇതിലും വൃത്തികേടായ എത്ര ശവങ്ങള്‍ക്ക്‌ കാവല്‍ ഇരുന്നിട്ടുണ്ട്.. മനസ്സുണ്ടായിട്ടല്ല.. പോലീസായിപ്പോയില്ലേ.."

"ഓരോരുത്തര് മനുഷ്യനെ മെനക്കെടുത്താന്‍ ഓരോന്ന് ചെയ്തു കൂട്ടുന്നത്‌.. ഈ പെണ്ണിനെ കൊന്നതാണോ അതോ ചത്തതാണോ.. കര്‍ത്താവേ.. ! എന്തായാലും നീ നല്ലോണം ഒന്ന് പൊതിഞ്ഞു വെച്ചോ.. വല്ല കുറുക്കനോ പട്ടിയോ വന്നു കടിച്ചു പറിക്കണ്ട. ഞാന്‍ കാലത്ത് വരാം.. "

"ശരി സാര്‍.. ഞാന്‍ നോക്കിക്കൊള്ളാം.."
_________________________________________________________________________________

ഏതൊക്കെയോ വണ്ടികള്‍ അങ്ങോട്ടുമിങ്ങോട്ടും പോകുന്നുണ്ട്..
നിലാവില്‍ പൊതിഞ്ഞു കെട്ടിയ ആ ശരീരം പതുക്കെ അനങ്ങുന്നുണ്ടോ...? ഏയ് .. തോന്നിയതായിരിക്കും... എന്നാലും പെങ്ങളെ, എന്തിനാ ഈ കടുംകൈ ചെയ്തേ..? നിനക്ക് നിന്നെ സ്നേഹിക്കുന്നവരോ നീ സ്നേഹിക്കുന്നവരോ ആരുമില്ലേ കുട്ടീ.. ? അതോ നിന്നെ ആരെങ്കിലും... ഈശ്വരാ...

"എന്തോന്നാടെയ്, ശവത്തിനേം നോക്കിയിരുന്നു പ്രാന്ത് പിടിച്ചാ..? എന്താ പിറുപിറുത്തോണ്ടിരിക്കുന്നെ ..? "

"ങാ.. നീ വന്നോ.. നിന്നേം കുറെ തെറീം വിളിച്ചു സാറ് ഇപ്പൊ പോയതേ ഉള്ളൂ.. നല്ല ഫോമിലാണല്ലോ.. അല്ല, ഇതാരാ ഈ പുതിയ പാമ്പ്...?"

"ഓ.. പരിചയപ്പെടുത്താന്‍ മറന്നു. ഇയാള് വല്യ എഴുത്തുകാരനാ.. വല്ല്യ എന്തോന്നാ..ങാ.. സ്ത്രീ.. സ്ത്രീ പക്ഷമോ.. കുഷ്ടമോ.. എന്തോ ഒന്ന്,, ബാറീന്നു കിട്ടിയതാ.. ഒരു സംഭവാ... ഏതായാലും രാത്രി മുഴുവന്‍ ഈ ശവത്തിനു കാവലിരിക്കണം.. പിന്നെ നല്ല നേരം പോക്കാണെന്ന് കരുതി ഇങ്ങു കൂട്ടിക്കൊണ്ടു പോന്നു,, ഹി,,ഹി..."

"ഇയാള് മിണ്ടൂലെ...? എവിടെ നിന്ന് കിട്ടുന്നെടെയ് ഈ മാതിരി സാധനങ്ങളെ...?"
" ഞാന്‍ അധികം സംസാരിക്കാറില്ല.. ലോകം സംസാരിക്കാന്‍ അനുവദിക്കുന്നില്ല.. !!"

"ഹോ.. സമാധാനമായല്ലോ.. ഇനി നിര്ത്തൂലാ രാമകൃഷ്ണാ.. ഹ..ഹ... ഹല്ലാ, ഇന്നേതാ ഉരുപ്പടി..? ആണോ പെണ്ണോ...?"

"പെണ്ണാ.. മുഖം മനസ്സിലാവാത്ത കോലം. തല ഇല്ലാന്ന് തന്നെ പറയാം.. കാണാന്‍ മനസ്സ് വരുന്നില്ലായിരുന്നു... ഹെന്റമ്മേ... എന്താ വിനോദെ, ബാറില്‍ നിന്നും അടിച്ചത് പോരാഞ്ഞിട്ടാണോ ഇവിടെ വന്നും കയറ്റുന്നെ...? മതിയെടേ കൂമ്പ്‌ കരിഞ്ഞു പോകും "

"നീ പോടാ നമ്പൂരി.. ഇപ്പണി ചെയ്യുന്നതും പോര, രണ്ടെണ്ണം അടിക്കാനും പാടില്ലാന്നു വെച്ചാ...? നമ്മടെ സാഹിത്യത്തിനു നന്നായി കേറീ എന്നാ തോന്നണേ.. ആടാന്‍ തുടങ്ങി.. കൂയ് ..!"

"ത്ഫൂ.. ആരാണ് സുഹൃത്തെ ആടുന്നത്..? ഞാനോ അതോ ഈ ലോകം തന്നെയോ...? കണ്ടില്ലേ ഒരു സ്ത്രീ ജന്മം.. ഇവള്‍ ആര്‍ക്കു ഇരയായവള്‍..? പുരുഷന്റെ അധികാരത്തിന്റെയും ഭോഗ തൃഷ്ണയുടെയും അശുദ്ധ രക്തം തെറിച്ചവള്‍... കാലമേ, നിനക്ക് തിമിരം പിടിച്ചോ..?"
"ടെ കവീ..മതി മതി.. നിര്‍ത്ത് നിര്‍ത്ത് .. അവന്റെ മറ്റെടത്തെ ഓരോ സാഹിത്യം.. ന്താ രാമഷ്ണാ രണ്ടെണ്ണം അടിക്കണാ....? "

തെക്കോട്ടോ വടക്കോട്ടോ വണ്ടികള്‍ പൊയ്ക്കൊണ്ടിരുന്നു..
__________________________________________________________________________________

"കവീ.. രാമഷ്ണാ .. ഇതൊരു ഉരുപ്പടി തന്നെ ആണെടെയ്.. ചാവാന്‍ കണ്ട നേരം.. വല്ലോനും കൊണ്ടോയി അനുഭവിച്ചു കാണും.. കൊല്ലണ്ടായിരുന്നു.. ന്റമ്മോ.. മുഖം ഇല്ലെങ്കിലെന്താ... ആരായാലും പലതും തോന്നിപ്പോകും...അല്ലേലും ഒരു മുഖത്തില്‍ എന്തിരിക്കുന്നു..?!"

"ഡേയ് വിനോദെ.. അനാവശ്യം കാണിക്കല്ലേ.. ചത്താലെങ്കിലും വെറുതെ വിട്ടു കൂടെ..? "

"മോനെ നമ്പൂരി.. ഇതെല്ലാം ആണുങ്ങള്‍ക്ക് പറഞ്ഞതാ.. അല്ലെ കവീ... ? സൌന്ദര്യം ആസ്വദിക്കാനുള്ളതല്ലേ...? നിനക്കെന്തോന്നു പെണ്ണ്... ത്ഫൂ...?

"സുഹൃത്തെ, വെറും ശവത്തോടോ നിന്റെ ആര്‍ത്തി...? കഴുകന്മാരാണ് എല്ലാവരും.. കാമവെറി കൊണ്ട് അന്ധരായവര്‍.. അവളെ മരണത്തിലെങ്കിലും സമാധാനിക്കാന്‍ വിടൂ... എങ്ങനെ കഴിയുന്നു നിങ്ങള്‍ക്കിത്... ? ആ വസ്ത്രം മാറ്റാതെ.. വിനോദെ, സാധനം തീര്‍ന്നോ..? "

"അങ്ങനെ വല്ലതും ചോദിക്ക്.. അവിടുണ്ട്.. എടുത്തു പിടിപ്പിച്ചോ.. എന്നെ എന്റെ വഴിക്ക് വിട്.. സൌന്ദര്യ ബോധമില്ലാത്ത സന്യാസികള്.. "

"നില്‍ക്ക്.. ഞാനിതോരെണ്ണം കൂടെ തീര്‍ത്തിട്ടു വരാം... നീ പറഞ്ഞതിലും കാര്യമില്ലാതില്ല വിനോദെ.. സൌന്ദര്യം ഇതിലും വലിയ ലഹരി തന്നെയാ... പെണ്ണും.. ഇനി നാളെ വനിതാ വേദിയില്‍ എന്ത് പറയുമോ ആവോ..? "

"ഹ.. ഹാ... വരണം മഹാ കവീ.. പകല്‍ സ്ത്രീകള്‍ക്ക് വേണ്ടി പോരാട്ടം... രാത്രി സ്ത്രീയുടെ ഒരു വസ്ത്ര തുണ്ടിനെങ്കിലുമുള്ള അന്വേഷണം.. ഇതാണ് ആദര്‍ശം.. എന്തൊക്കെ പറഞ്ഞാലും ഇതൊരു മൊതല് തന്നെ കവേ..."
_______________________________________________________________________________

മങ്ങിയ നിലാ വെളിച്ചത്തില്‍, അവളുടെ പാതി ശരീരത്തില്‍ കാമത്തിന്റെ കാണാത്ത ചായങ്ങള്‍ കൊണ്ട് ചിത്രങ്ങള്‍ എഴുതപ്പെട്ടു..
ഏതോ ഒരു വണ്ടി തെക്കോട്ട്‌ പിന്നെയും പോയി..

________________________________________________________________________________

ഇന്ന് വരും എന്നല്ലേ നീ പറഞ്ഞത്...പെങ്ങളേ.. നീ വീട്ടില്‍ എത്തിക്കാണുമോ ..? കാണുന്നില്ലേ നീ ഒരു കഷ്ണം ഇറച്ചിക്ക് വേണ്ടി, ഒരു നിമിഷത്തെ സുഖത്തിനു വേണ്ടി കുറുക്കന്മാര്‍ കടിപിടി കൂടുന്നത്...? ഇനി ഇതുവഴി പോകുന്ന ഓരോ വണ്ടികളും പാളം തെറ്റി എന്റെ നെഞ്ചിലൂടെ കയറിപ്പോകട്ടെ.. വയ്യ.. ഇനിയും ഇതെല്ലാം കാണാന്‍.. !
രാത്രി തിരികെ വീട്ടില്‍ വന്നു കയറുമെന്ന് ആര്‍ക്കാണ് ഉറപ്പിക്കാന്‍ കഴിയുക...? ആ ചിതറിപ്പോയ മുഖം.. ആരുടേതാണ്‌...?
ആരുടേതാണ്....?!!

______________________________________________________________________________


ഫാന്‍- മൂന്നു കൈയുള്ള ഒരു പങ്ക.


ഫാന്‍- മൂന്നു കൈയുള്ള ഒരു പങ്ക.

പലരും പറയുന്നത്-

വേഗ;മെത്രയും വേഗ
മോടിയോടിക്കിതച്ചിട്ടും
തൊട്ടിടാ, നൊന്നെത്തി
ത്തൊട്ടിടാനാവാതെ
തളരുന്നു; വായുവില്‍
വായുവൃത്തം വരയ്ക്കുന്നു
ഒരു ഞെട്ടിലൊന്നായ്
കിളിര്ത്തിലക്കൈയുകള്‍

അവന്‍ പറഞ്ഞത്-

ഏറെ; നേരമേറെ -
യേറെക്കഴിഞ്ഞിട്ടും
അറിയുവാ, നൊന്നടു-
ത്തറിയുവാനാകാതെ
പിടയുന്നു , നമ്മളില്‍
വിഷമവൃത്തം വരയ്ക്കുന്നു
നീ, ഞാന്‍, പിന്നെ
നമ്മിലെ പ്രണയവും..

ഞാന്‍ പറഞ്ഞു വരുന്നത് -


നീറി, യെത്രയോ നീറി-
നീറിപ്പുകഞ്ഞിട്ടും
നീര്ത്തുവാ; നൊരു ചുരുള്‍
നീര്ത്തുവാനാകാതെ
യഴുകുന്നു, വഴികളില്‍
വിഫലവൃത്തം വഴുക്കുന്നു..
ആര് നീ, യാര് ഞാ-
നാരാരു നമ്മള്‍...?


ഫാനിനു പറയുവാനുള്ളത്‌ -

(ആകാശത്തേക്ക്
വേരുകള്‍ വളരാറില്ലെന്നതിനും
തല കീഴെ
ആര്‍ക്കൊക്കെയോ കുളിരാന്‍
ഒരു പാഴ് പൂവ് എന്നതിനും ശേഷം.
..)

വരിക; നീയൊന്നു
കാതോര്‍ത്തു നില്‍ക്കുക-
വെറുതെ, വെറും വെറുതെയാ-
ണോരോ കറക്കങ്ങളെങ്കിലും
എന്നില്‍ പിടഞ്ഞടങ്ങാതിരിക്ക
നീ വെറുതെയും !

ഒരു ഞെട്ടിലൊന്നായ്
പിറ; ന്നിരുള്‍ക്കൈയുകള്‍
നീ, നിന്റെ ജീവിതം
മരണങ്ങളൊക്കെയും...

തോല്‍പ്പിക്കാന്‍ കഴിഞ്ഞേക്കാവുന്ന ചില അടയാളങ്ങള്‍.


തോല്‍പ്പിക്കാന്‍ കഴിഞ്ഞേക്കാവുന്ന ചില അടയാളങ്ങള്‍.

വഴിവക്കില്‍
ചിതലുകളെയും
പുഴുക്കളെയും
ഉറുമ്പുകളേയും
വിഴുങ്ങിയിരിക്കുമ്പോള്‍
വഴിയെ പോയവര്‍
പറഞ്ഞത്രേ
ഭ്രാന്താണെന്ന്...!

അപ്പോഴും
ഞാന്‍ വിളിച്ചു പറഞ്ഞത്
അടയാളങ്ങളെ കുറിച്ച്.

ഒരിക്കലും
തോല്പിക്കപ്പെടില്ലാത്ത
ലക്ഷ്യങ്ങളുടെ
തോല്‍പ്പിക്കാന്‍
കഴിഞ്ഞേക്കാവുന്ന
വെറും അടയാളങ്ങളെ മാത്രം കുറിച്ച്...

ചിരിച്ചു കൊണ്ടാവണം
നിങ്ങളും
കടന്നു പോയത്.. !

എങ്കിലും
എപ്പോഴാണ്
നിങ്ങള്ക്ക്
ഭ്രാന്തു പിടിച്ചത്...?

അതേ വഴിവക്കില്‍
എന്റെ ജഡം
ഉറുമ്പരിച്ചു
ചിതലരിച്ചു
പുഴു പുളച്ചു
കിടന്നപ്പോഴോ....?

അതോ
നിങ്ങള്‍ തന്നെ കിടന്നപ്പോഴോ...?

ചോദിച്ചേക്കാവുന്ന ഒരു ചോദ്യത്തിന്‍റെ ഉത്തരം..


ചോദിച്ചേക്കാവുന്ന ഒരു ചോദ്യത്തിന്‍റെ ഉത്തരം..

നൂല് വിട്ട പട്ടം
ആകാശത്തെ
നക്കിയെടുത്ത്
തീര്‍ത്തു..

തുഴയില്ലാ വള്ളം
പുഴയെ
കുടിച്ചു വറ്റിച്ചു..

വിണ്ട പേന
മഷി ഒലിപ്പിച്ച്
നക്ഷത്രങ്ങളെയും
മായ്ച്ചു....

നാക്ക് കുഴഞ്ഞ
ഒട്ടകങ്ങള്‍
മരുഭൂമിയെ
അപ്പാടെ വിഴുങ്ങി..

ഇറയത്തു വെച്ച
കീറക്കുട
മഴയെ മൊത്തം
വലിച്ചെടുത്തു..

ഇനി,

ഞാന്‍ എന്ത് തിന്നണം,
എന്നെയല്ലാതെ...?!

ഞാന്‍ കടല്‍ കണ്ടത്......

ഞാന്‍ കടല്‍ കണ്ടത്....
_________________

ഉണരുന്നതിനു മുന്‍പ് കണ്ട
സ്വപ്നത്തില്‍
എതോ ഒരു മരം..
മഞ്ഞു വീഴുന്നൊരു കുന്ന്..
അതിനുമപ്പുറം
നിറമേതെന്നറിയാത്ത പൂക്കള്‍ നിറഞ്ഞ
പൂന്തോട്ടം..
അതിനുമപ്പുറത്താവണം കടല്‍..!

പുസ്തകങ്ങള്‍ പറഞ്ഞു തന്നതാണ്
കടല്‍ നീലയാണെന്നും
ഉപ്പു ചുവയ്ക്കുമെന്നും..!

ജനാലയിലൂടെ കൈ ചൂണ്ടി
അമ്മ പറഞ്ഞു തന്നത്
കടലങ്ങു ദൂരെയാണെന്ന്...

ഞരമ്പുകളില്‍
സൂചി കുത്തിയിറക്കുമ്പോള്‍
വൈകുന്നേരങ്ങളില്‍
കടലുമാകാശവും
ചുവക്കുമെന്നു പറഞ്ഞു തന്നത്
വെളുത്ത ഒരു ചേച്ചി..

മരവിച്ച വാര്‍ഡുകളില്‍
തനിച്ചു നടക്കുമ്പോള്‍
പരിചയമില്ലാത്ത ആരോ പറഞ്ഞതാണ്
കടലിനുള്ളില്‍ കൊടിയ ചൂടാണെന്ന്..!

വല്ലപ്പോഴും വരുന്ന
കൂട്ടുകാരന്‍റെ എഴുത്തിലുണ്ടായിരുന്നു
കടലിന്‍റെ അടിത്തട്ടില്‍
പവിഴപ്പുറ്റുകള്‍ വളരാറുന്ടെന്നത്-
നിറയെ മീനുണ്ടെന്നും..!

രാത്രികള്‍ പോലെ
ഒരുപാടാഴമുണ്ട് കടലിനെന്ന്
ആരാണ് പറഞ്ഞു തന്നത്..?

എപ്പോഴോ,
പാതി മുറിഞ്ഞൊരു സ്വപ്നത്തിനിടയില്‍
നിറഞ്ഞ കണ്ണോടെ
അമ്മയെന്നെ പൊതിഞ്ഞുറക്കി..

അന്നാണ് കണ്ടത്,
കടല്‍..

ഹൃദയമില്ലാത്ത നിഴല്‍..! (കഥ)


ഹൃദയമില്ലാത്ത നിഴല്‍..!
__________________

എപ്പോഴും തന്നെ പിന്തുടര്‍ന്ന നിഴലിനോട്‌ അവനു വെറുപ്പ്‌ തോന്നി..

ഒരിക്കല്‍ നിഴലിന്‍റെ നെഞ്ച് കീറി അവന്‍ കളിയാക്കി..

"നിനക്ക് ഹൃദയമില്ലല്ലോ....!"


അവന്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ എപ്പോഴോ നിഴല്‍ അവനോടു പറഞ്ഞു.

"നോക്കൂ.. ഞാന്‍ നിന്‍റെ നിഴല്‍ മാത്രമല്ലേ..?

നിന്‍റെ കുറവുകള്‍ക്ക് എന്നെ കുറ്റപ്പെടുത്തുന്നത് കഷ്ടമല്ലേ..? "

ഒരു നിമിഷം പോലും ആലോചിക്കാതെ അവന്‍ പറഞ്ഞു...

"എന്നാല്‍ നീ വല്ലവന്റേയും നിഴലായിരിക്കും..

എന്റെതാവില്ല..!"

നിഴലിന്റെ നെഞ്ജിലേക്ക് ഒന്ന് നീട്ടി തുപ്പി വേറെ നിഴല്‍ അന്വേഷിച്ചു അവന്‍ കടന്നു പോയി..

നിഴല്‍ ചിരിച്ചു കൊണ്ട് പറഞ്ഞു..

"പാവം... എന്നെങ്കിലും ബുദ്ധി വരുമായിരിക്കും...!!"