എന്നെക്കുറിച്ചു പറയാനിപ്പോ എന്താ... അങ്ങനെ കാര്യായിറ്റൊന്നൂല്ല.. പിന്നെ ഇത്തിരി, അല്ല ഒത്തിരി തന്നെ വായാടിയാ.. ഇവിടെ ചുമ്മാ ഇരിക്കുമ്പോ പ്രാന്ത് പിടിക്കും.. എന്നാപ്പിന്നെ പുറത്തെറങ്ങി ആരുടേലും കൂടെ കളിക്കാന്നു വെച്ചാ അതും അമ്മ സമ്മതിക്കൂല..
വെറുത്യല്ല എനിക്ക് അമ്മയോട് ദേഷ്യം വരുന്നേ .. അപ്പൊ തന്നെ തോന്നും പാവല്ലേ എന്ന്..
അമ്മേം ഞങ്ങടെ സൂസി പൂച്ചേം ഒരുപോലെയാ.. കരുവാളിച്ച്, ആരോടും മിണ്ടാട്ടമില്ലാതെ അടുക്കളയിലും തിണ്ണയിലും പിറകിലത്തെ വരാന്തേലും അങ്ങനെ അലഞ്ഞു നടക്കും... രണ്ടു പേരും ഇട്ടു ചാടിക്കുന്നതോ എന്നെയും..!
അച്ഛന്റെ തലവെട്ടം കണ്ടാമതി രണ്ടുപേരും അടുക്കളെടെ മൂലയ്ക്കു പോകാന്‍..
അച്ഛനോ...? അയ്യോ, സത്യം പറഞ്ഞാ ഉറക്കെ പറയാന്‍ പോലും എനിക്ക് പേടി ആണുട്ടോ...
എപ്പഴാ അച്ഛന്റെ ദേഷ്യം കത്തിക്കേറി പിടിയ്ക്കാ എന്ന് പറയാന്‍ പറ്റൂല.. ഒരു ചോക്ലേറ്റ് പോലും വാങ്ങി തരൂല..
എന്നെ കാണുന്നതെ ഇഷ്ടല്ലാ എന്ന് തോന്നുന്നു..
എന്തിനാ.. അമ്മയോട് പോലും അങ്ങനെ മിണ്ടുന്നത് ഞാന്‍ കണ്ടിട്ടില്ല.. എപ്പോഴും ഉരുളക്കിഴങ്ങ് വായിലിട്ട പോലെ... ഹും..
വീട്ടീ വരണത് തന്നെ വല്ലപ്പോഴും.. വന്നാ എപ്പോഴും ഫോണിന്റെ ചോട്ടില് കുത്തിയിരിപ്പാ.. ആ കുന്ത്രാണ്ടം കയ്യീ വെച്ചോണ്ടിരിക്കുമ്പോഴാ ഒന്ന് ചിരിച്ചു കാണാറുള്ളത്.. എവിടെയോ പഠിച്ചതാ ഗ്രഹാം ബെല്ലുന്നു ഒരുത്തന്‍ കണ്ടു പിടിച്ചതാ ഈ സാധനം എന്ന്..
പലപ്പഴും ആ പൊട്ടിച്ചിരി കേക്കുമ്പോ തോന്നാറുണ്ട് ആ ബെല്ലെങ്ങാന്‍ എന്റെ കയ്യീ കിട്ടിയാ തല്ലി പൊട്ടിക്കണം എന്ന്... ഹും...! അപ്പോഴും പിന്നാമ്പുറത്തെ വരാന്തേല്‍ എവിടേലും മിണ്ടാതെ പമ്മി നടക്കുന്നുണ്ടാവും അമ്മ..
എന്റെ കൂട്ട് എന്ന് പറയാന്‍ എനിക്ക് വേറെന്താ... ഓ വിട്ടു.. ഈ കഥാ പുസ്തകങ്ങള്.. പിന്നെ ഈ ടീവീ എന്ന് പറയുന്ന കുന്ത്രാണ്ടം.. (ആരോടും പറയണ്ടാ...ചുമ്മാ ഇരിക്കുന്നു എന്നേയുള്ളു...അത് വര്‍ക്കാവൂല..)
വീട്ടീ വരുന്ന അച്ഛന്റെ സുഹൃത്തുക്കള്‍ എന്തെടാ ഇത്രേം സമ്പാദിച്ചു കൂട്ടീട്ടു ഒരു ടീവീ പോലുമില്ലേ എന്ന് ചോദിക്കണ്ടാന്നു കരുതി പുതപ്പിച്ചു വെച്ചതാ.. കേടായി എന്നൊരിക്കല്‍ ഞാന്‍ പറഞ്ഞതാ. അന്നെന്താ പറഞ്ഞത് എന്നറിയോ..? അതൊക്കെ മതി, അധികം കണ്ടാ വഷളായിപ്പോകും എന്ന്.. പിന്നെ ഞാനൊന്നും ചോദിക്കാന്‍ പോയിട്ടില്ലേ... എന്തിനാ വെറുതെ അടി ഇരന്നു വാങ്ങുന്നേ, അല്ലെ...?
അയ്യോ, ഒരു കാര്യം പറയാന്‍ വിട്ടു പോയീട്ടോ.. എന്റെ ബെസ്റ്റ് ഫ്രെണ്ടിനെ കുറിച്ച്.. അമ്മ കേട്ടാല്‍ അപ്പൊ തുടങ്ങും വഴക്ക് പറയാന്‍.. അതോണ്ടാ എനിക്ക് ഉറക്കെ പറയാന്‍ മടി.. അയാള് വന്നൂ എന്ന് പറയുന്നത് തന്നെ അമ്മയ്ക്ക് ഇഷ്ടല്ല.. അപ്പൊ തൊടങ്ങും ആരെയൊക്കെയോ പ്രാകാന്‍..
കളിക്കാനോ വിടൂല, എന്നാപ്പിന്നെ ഇങ്ങോട്ട് വരുന്നോരോട് എന്തേലും മിണ്ടാനും പറയാനും പോയാ അതും കുറ്റം.
അമ്മ എന്ത് പറഞ്ഞാലും അയാളെ എനിക്കിഷ്ടാ.. എപ്പഴാ വരികാ എന്നൊന്നും പറയാന്‍ പറ്റൂല.. ചെലപ്പോ ഇടയ്ക്കിടെ വരാറുണ്ട്.. പിന്നെ കുറെ നാളത്തേക്ക് വന്നെന്നും വരൂലാ.. അതങ്ങനെയൊരു സാധനം..
എന്നാലും കുറ്റം പറയരുത് ട്ടോ.. എനിക്ക് വല്ലാതെ സങ്ങടം വരുമ്പോ, ഒറ്റയ്ക്കിരുന്നു കരയാനൊക്കെ തോന്നുമ്പോ എവിടെ നിന്നാ എന്നറിയില്ല പൊട്ടിവീണപോലെ വന്നു നില്‍ക്കുന്നെ... എന്തൊക്കെയോ കുറെ കഥകളൊക്കെ പറഞ്ഞു തരും.. തമാശ പറയും..
അതൊന്നും അല്ലാട്ടോ സ്പെഷ്യല്‍.. നല്ല മിട്ടായി കൊണ്ടന്നു തരും.. പുളിപ്പോ മധുരമോ കയ്പ്പോ എരിവോ.. എല്ലാം കൂടെ ചേര്‍ന്ന ഒരു വല്ലാത്ത രസാ അത്.. പിന്നേം പിന്നേം തിന്നണം എന്ന് തോന്നും.. (അമ്മ പറഞ്ഞത് കുട്ട്യോളെ മയക്കി കൊണ്ടാവാന്‍ വരുന്നതാ എന്ന്..!! ഏയ്.. നല്ല അങ്കിള്‍ ആണുട്ടോ..)
അത് നുണഞ്ഞും കൊണ്ട് അടുക്കളേല്‍ കറങ്ങി നടന്നതിനു കിട്ടിയതാ ദേ ഇത്.. കണ്ടില്ലേ നീലിച്ചിരിക്കുന്നെ..
നുള്ളിയതാ എന്റെ ദുഷ്ടത്തി അമ്മ..
കൂട്ടത്തില്‍ ഒരു താക്കീതും കിട്ടി, ഇനി മേലാല്‍ അത്തരക്കാരോട് കൂട്ട് കൂടരുത് എന്ന്..
ഞാന്‍ ഒരുപാട് പറഞ്ഞു നോക്കിയതാ അയാള് നല്ല തമാശ പറയും, കഥ പറയും എന്നെല്ലാം.. ഒരു മിട്ടായീം കാണിച്ചു കൊടുത്തു.. കുരുത്തക്കേടിനു ഞാനൊന്ന് ചോദിക്കേം ചെയ്തു വേണോ എന്ന്..
അന്നാണ് അന്ത്യ ശാസനം കിട്ടിയേ.. ഇനി മേലാല്‍ അയാളെക്കുറിച്ച് പറഞ്ഞു പോകരുത് എന്ന്.. ഇനീം മിണ്ടിപ്പോയാല്‍ ചട്ടുകം ചൂടാക്കി തുടയില് വെക്കും എന്ന്..
ഇപ്പൊ അതോണ്ട് എനിക്ക് പേടിയാ അമ്മയോട് പറയാന്‍..
(ന്നാലും പാത്തും പതുങ്ങീം ഞാന്‍ കാണാറുണ്ട് ട്ടോ.. മിണ്ടുകേം ചെയ്യും.. മിട്ടായി ഒക്കെ എന്റെ പെന്‍സില്‍ ബോക്സില്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്.. എല്ലാരും ഉറങ്ങുമ്പോ ആരും കാണാതെ എടുത്തു കഴിക്കാലോ.. പറയല്ലേ..)
ആരോടും പറയില്ലേല്‍ ഒരു സ്വകാര്യം പറയാം ട്ടോ. ഉറപ്പാണേ, പറയില്ലല്ലോ..?
രണ്ടു ദീസം മുന്പാ..ഞാന്‍ പുസ്തകോം വായിച്ചു കഴിഞ്ഞു എല്ലാരും ഉറങ്ങാന്‍ വേണ്ടി കള്ളയുറക്കം നടിച്ചു കെടക്കുമ്പോ അമ്മ എന്റെ പുസ്തകോം ബാഗുമൊക്കെ വലിച്ചിട്ടു എന്തോ തിരയുവാ ..
ഞാന്‍ എണീറ്റപ്പോ എന്നേം കെട്ടിപ്പിടിച്ചു ഒറ്റ കരച്ചിലായിരുന്നു.. അത്രേം ഉറക്കെയെല്ലാം അമ്മയ്ക്ക് കരയാന്‍ കഴിയും എന്ന് സത്യായിട്ടും എനിക്ക് അന്നാ മനസ്സിലായെ.. സത്യം പറഞ്ഞാ എനിക്കും വല്ലാതെ സങ്കടോം കരച്ചിലും ഒക്കെ വന്നു..
അപ്പൊ അമ്മ ചോദിയ്ക്കാ, മോള്‍ക്ക് അയാള് എന്തൊക്കെ കഥയാ പറഞ്ഞുതരാറുള്ളത് എന്ന്.. അമ്മയ്ക്കും ഒരു മിട്ടായി കൊടുക്കുവോ എന്ന്..
സത്യായിട്ടും, എനിക്കറിയില്ലായിരുന്നു എന്താ പറയണ്ടേ എന്ന്....
കൊള്ളാം.. നന്നാവുന്നു എഴുത്തുകള്‍...!
ReplyDelete