Tuesday, May 5, 2009

എന്‍റെ കിറുക്കുകള്‍...(1)


തിരക്കുകള്‍.., വലിയ വലിയ രക്ഷപ്പെടലുകലാണ്....
പിന്‍ തുടര്‍നെത്തുന്ന നിഴലുകളില്‍ നിന്നും കണ്ണുകള്‍ ഇറുകെയടച്ചു ഒരൊളിച്ചോട്ടം....
ഒരുപക്ഷെ ,
ഓര്‍ത്തെടുക്കാനാവാത്ത ഏതോ അവ്യക്ത ഭീകര സ്വപ്നം പോലെ ,
എങ്ങെങ്ങും എത്താത്ത കിതച്ച ഓട്ടങ്ങള്‍ .....

നിനക്ക് എങ്ങനെയാവുമെന്നു എനിക്കറിയില്ല.....
എന്നെ ,
ഏകാന്തത ഭയപ്പെടുത്തുന്നത്‌ പോലെ ,
ഒന്നും .... മറ്റൊന്നും ഭയപ്പെടുത്തുന്നില്ല ...

അതുകൊണ്ടാവാം ,
നഗരത്തിനു മീതെയിരുന്നു അപരിചിതമായ ഏറെയേറെ മുഖങ്ങളിലേക്ക്
വെറുതെ നോക്കിയിരിക്കാന്‍ എനിക്കിഷ്ടം ..

(ഒരു പക്ഷെ , പരിചയങ്ങളില്‍ നിന്നും വിദഗ്ദമായി വഴുകി ഒഴുകുന്നത്‌ പോലെ ..)
ഏകാന്തതയാണ് എനിക്കിഷ്ടമെന്ന് നിങ്ങള്‍ പറയുകയാണെങ്കില്‍ ...,
സുഹൃത്തേ , നിങ്ങള്‍ ഒരിക്കലും...
ഒരിക്കല്‍ പോലും അതിനെ അറിഞ്ഞിട്ടില്ല എന്ന് ഞാന്‍ പറയും....

നോക്കൂ.... അറിഞ്ഞറിഞ്ഞ് വരുമ്പോള്‍ നിങ്ങള്‍
അതിനെ വെറുത്തു തുടങ്ങും....

സത്യത്തില്‍ , നമുക്കു അറിയാത്തതിനെയല്ലേ , നാം സ്നേഹിക്കുന്നത് ..?
അറിഞ്ഞറിഞ്ഞ് വരുമ്പോള്‍ പലതും നമുക്ക് ഭയങ്ങള്‍ ആവും അവശേഷിപ്പിക്കുക......

ആരാണ് ഭയന്ന് മാത്രം ഇരിക്കാന്‍ ഇഷ്ടപ്പെടുക......???

എകാന്തതയിലാണ് ചിന്തകള്‍ ജന്മമെടുക്കുന്നത്..
ഒരു വലിയ മരത്തിലൂടെ ഉറുമ്പ് സഞ്ചരിക്കുന്ന പോലെയാണ് ചിന്തകള്‍..
തായ് വേരില്‍ നിന്നും തുടങ്ങി തടിയിലൂടെ ഇഴഞ്ഞിഴഞ്ഞ്...
പിന്നീട് ശാഖകളിലൂടെ ചില്ലകളിലേക്ക്‌... അവിടെ നിന്നും ഇല തുമ്പുകളിലേക്ക്....
അവിടെ യാത്ര അവസാനിക്കുമ്പോള്‍ തിരികെ വീണ്ടും മറ്റൊരു ചില്ല, ഇല, ശാഖ, അങ്ങനെയങ്ങനെ...
ഒടുവില്‍ മെഗലന്‍ ഭൂമി ചുറ്റി വന്ന പോലെ തായ് വേരില്‍ തന്നെ ഒടുക്കം...
വീണ്ടും ഉന്മാദത്തിന്റെ വേലിയേറ്റം...
നിങ്ങള്‍ തന്നെ പറയുക.. എങ്ങനെയാണ് ഭ്രാന്തു പിടിക്കാതിരിക്കുക.....!!!!

(തുടര്‍ന്നേക്കാം ഈ കിറുക്കുകള്‍..)

1 comment:

  1. ഇവയെ കിറുക്കെന്ന് പറഞ്ഞാല്‍ കിറുക്കിനെ എന്തു പറയും?ഒരുപാടിഷ്ടമായി.....ഇനിയും വരുന്നുണ്ട്...

    ReplyDelete